ന്യൂഡൽഹി: രാജ്യത്തെ വിദ്യാർഥികൾ മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ടെത്തി സംസാരിക്കാൻ തയാറാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അതിനുള്ള ധൈര്യമില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ജെൻസി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്കും വിദ്യാഭ്യാസ സമ്പ്രദായത്തിനും വേണ്ടിയാണ് വിദ്യാർഥികൾ പോരാടുന്നത്. തങ്ങൾക്ക് നേരെ കടുത്ത അതിക്രമങ്ങളാണ് ഉണ്ടായതെന്നും ലാത്തീച്ചാർജ് നേരിടേണ്ടി വന്നതായും വിദ്യാർഥികൾ വ്യക്തമാക്കിയതായി രാഹുൽ ഗാന്ധി പറഞ്ഞു.
പെല്ലറ്റ് തോക്ക് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയ വ്യക്തിയാണ് അമിത് ഷാ. പാർലമെന്‍റിൽ വരാനുള്ള മര്യാദയോ അതിനുള്ള ധൈര്യമോ അദ്ദേഹത്തിനില്ല. വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങളുടെ പൂർണ്ണ ഉത്തരവാദി അമിത് ഷായാണ്. യാതൊരു തെറ്റും ചെയ്യാത്ത ഈ വിദ്യാർഥികളെ ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരം ചെയ്ത 15 വയസുള്ള ഒരു പെൺകുട്ടിയെ ഉൾപ്പെടെ മാപ്പ് പറയാൻ നിർബന്ധിതയാക്കിയ സംഭവത്തെ രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു. വിദ്യാർഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയച്ച് ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ വിദ്യാർഥികൾ ആരോടും മാപ്പ് പറയേണ്ട യാതൊരു കാര്യവുമില്ല. ഇന്ത്യയുടെ ഭാവിയെയും ഭരണഘടനയുമാണ് ഈ വിദ്യാർഥികൾ സംരക്ഷിച്ചതെന്നും രാഹുൽ വ്യക്തമാക്കി.